നടി ആക്രമിക്കപ്പെട്ട കേസ് ; ഏതെല്ലാം രേഖകള്‍ ആണ് വേണ്ടതെന്ന് ദിലീപിനോട് കോടതി

dileep

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഏതെല്ലാം രേഖകള്‍ ആണ് വേണ്ടതെന്ന് നടന്‍ ദിലീപിനോട് കോടതി.

ഏതൊക്കെ രേഖകള്‍ വേണമെന്ന് കൃത്യമായി ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. ഫോറന്‍സിക്, സൈബര്‍ ഉള്‍പ്പടെ നിരവധി രേഖകള്‍ കേസുമായി ബന്ധപ്പെട്ടുണ്ട്. ഏതൊക്കെ രേഖകള്‍ ദിലീപിന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. രേഖകള്‍ ആവശ്യപ്പെട്ട് മുന്നോട്ടുപോയി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അഭിഭാഷകന്‍ രാജു തോമസിന്റെ വിടുതല്‍ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി സംഭവത്തിന് ശേഷം തന്നെ സമീപിച്ചപ്പോള്‍ നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും കേസുമായി തനിക്ക് മറ്റൊരു ബന്ധവുമില്ലെന്നുമാണ് ഹര്‍ജിയില്‍ രാജു തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജു തോമസ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Top