നടി ആക്രമിക്കപ്പെട്ട കേസ് ; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം സുഷമ സാഹു പൊലീസിന് നിര്‍ദേശം നല്‍കി.

നടിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഇന്നസെന്റ് എം.പിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ലജ്ജാകരമാണ്. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തും പറയാമെന്ന രീതി ശരിയല്ലന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആക്രമിക്കപ്പെട്ട നടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ ലളിതാ കുമാരമംഗലത്തിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ കുറ്റവാളികള്‍ക്ക് പൊലീസിനെ ഭയമില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഇരയായ നടിക്ക് സംരക്ഷണം നല്‍കണമെന്നും ഇരയെ അപമാനിച്ച സിനിമാ മേഖലയിലുള്ളവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നും സുഷമാ സാഹു ആവശ്യപ്പെട്ടു. ഇരയായ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച മൂന്നു പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് അന്വേഷണ മേല്‍നോട്ട ചുമതലയുള്ള എഡിജിപി ദിനേന്ദ്ര കശ്യപിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസെടുത്തില്ലെങ്കില്‍ വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും സുഷമാ സാഹു പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനാണ് കമ്മീഷന് പരാതി നല്‍കിയത്.

Top