കൈവെട്ട് കേസ്; പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ ആരംഭിച്ച് എന്‍ഐഎ

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ ആരംഭിച്ച് എന്‍ഐഎ. മാതാപിതാക്കള്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കും. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കും. സവാദിന്റെ രണ്ട് മൊബൈല്‍ ഫോണുകളുടെ പരിശോധന ഫലം നിര്‍ണായകമാകും. ശാസ്ത്രീയ തെളിവുകളോടെ പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഐഎ നീക്കം. സവാദ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഒളിവില്‍ കഴിഞ്ഞത് 8 വര്‍ഷമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ വാടകവീടുകള്‍ തരപ്പെടുത്താന്‍ എസ്ഡിപിഐ സഹായം ലഭിച്ചു. മട്ടന്നൂരിലെ വാടകവീട്ടില്‍ നിന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റുണ്ടായത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദിനെ പിടികൂടുന്നത്.

സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എന്‍ഐഎ പറയുന്നു. തുടര്‍ച്ചയായി സിംകാര്‍ഡുകള്‍ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ ബന്ധപ്പെട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റെന്ന് ഏജന്‍സി പറയുന്നു. എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചു.

ഇളയകുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാന്‍ എന്ന് പേര് മാറ്റിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നു തന്നെയായിരുന്നു. ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാന്‍ സഹായകരമയി. എട്ടുവര്‍ഷം മുന്‍പ് കാസര്‍ഗോഡ് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തില്‍ പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തില്‍ തന്നെ തങ്ങി. ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയാണ് സവാദ്.

Top