നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണം ഇപ്പോള്‍ തന്നെ രണ്ട് മാസം പിന്നിട്ടു. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിക്കൂടെയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

ഈ കേസിന് എന്താണ് പ്രത്യേകത ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്രയും സമയം എന്തിനെന്നും കോടതി ചോദിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നാല് തവണ സമയം നീട്ടി നല്‍കിയെന്നും കോടതി ചൂണ്ടിക്കാട്ടി.

തുടരന്വേഷണം അന്തിമഘട്ടത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ട്. തുടരന്വേഷണത്തിന് നിയമ തടസമില്ല. കോടതി സമയപരിധി നിശ്ചയിച്ചാലും എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

 

Top