വിഘടനവാദിയെ വധിക്കാന്‍ ശ്രമിച്ച കേസ്; ഇന്ത്യന്‍ പൗരനെതിരെയുള്ള തെളിവുകള്‍ നിരസിച്ച് അമേരിക്ക

ലിസ്ഥാന്‍ വിഘടനവാദ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്തയ്‌ക്കെതിരെയുള്ള തെളിവുകള്‍ ഈ ഘട്ടത്തില്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് അമേരിക്ക. നിഖില്‍ ഗുപ്തയ്‌ക്കെതിരായ തെളിവുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയായിട്ടാണ് യുഎസ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തെളിവുകള്‍ ഹാജരാക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കണമെന്ന് ജനുവരി എട്ടിന് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു.

2023 നവംബര്‍ 29-നാണ് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പ്രധാന കണ്ണിയെന്ന് പറഞ്ഞ് നിഖില്‍ ഗുപ്തയ്ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയതായി പ്രഖ്യാപിക്കുന്നത്. കൊലതകത്തിനുള്ള ഗൂഢാലോചന ഉള്‍പ്പെടെ പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് ഗുപ്തയ്‌ക്കെതിരെയുള്ളത്. എന്നാല്‍ സംഭവം പരസ്യപ്പെടുത്തുന്നതിന് മുന്‍പുതന്നെ അമേരിക്കയുടെ ആവശ്യപ്രകാരം കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 ന് അന്‍പത്തിരണ്ടുകാരനായ ഗുപ്തയെ ചെക് റിപ്പബ്ലിക്കില്‍ വച്ച് അവിടുത്തെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം അവിടെ തടവില്‍ കഴിയുകയാണ്.

ഗുര്‍പത്വന്ത് പന്നുനിനെ ന്യൂയോര്‍ക്കില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് നിഖില്‍ ഗുപ്തയ്‌ക്കെതിരായ കേസ്. അമേരിക്ക തയാറാക്കിയ കുറ്റപത്രമല്ലാതെ മറ്റൊരു രേഖകളും പ്രേഗില്‍ ഗുപ്തയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് നല്‍കിയിട്ടില്ലെന്നാണ് തെളിവ് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ പറയുന്നത്. ഗുപ്ത നിരന്തരം അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയമാകുകയാണെന്നും അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും ആകെ രണ്ട് തവണ മാത്രമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഗുപ്തയെ കണ്ടിട്ടുള്ളതെന്നും സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.നിഖില്‍ ഗുപ്തയുടെ അപേക്ഷ നിരസിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിഖില്‍ ഗുപ്ത നിലവില്‍ ചെക്ക് റിപ്പബ്ലിക്കിലെ ജയിലില്‍ കഴിയുകയാണ്. അമേരിക്കയുടെ അഭ്യര്‍ഥനപ്രകാരമാണ് നിഖിലെ അവിടെ പിടികൂടിയത്. കൈമാറ്റം നടന്ന് നിഖിലെ ന്യൂയോര്‍ക്ക് സിറ്റി കോടതിയില്‍ ഹാജരാക്കി വിചാരണ ആരംഭിക്കുമ്പോള്‍ മാത്രമേ വിവരങ്ങള്‍ നല്‍കൂവെന്നാണ് യുഎസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം തെളിവുകള്‍ നല്‍കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top