തൃശ്ശൂര്‍: ഭാര്യയെയും രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ വെളുത്തൂര്‍ പള്ളിക്കു സമീപം പുല്ലരിക്കല്‍ സച്ചിന്റെ (26) ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സെന്റ് തള്ളി.
2021 ജൂലായ് ഒമ്പതിന് രാത്രി 7.30-നാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം പ്രതി ഒരു കടയില്‍ നിന്ന് എലിവിഷവും മറ്റൊരു കടയില്‍ നിന്ന് പലഹാരങ്ങളും വാങ്ങി പലഹാരത്തില്‍ എലിവിഷം ചേര്‍ത്ത് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഷാപ്പില്‍ നിന്ന് കള്ള് വാങ്ങി കള്ളില്‍ എലിവിഷം ചേര്‍ത്ത് കുടിച്ചശേഷം വീട്ടിലെത്തി വിഷം ചേര്‍ത്ത പലഹാരം അമ്മയെയും ഭാര്യയെയും മക്കളെയും കഴിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ തക്കസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ രക്ഷപ്പെട്ടു. വിഷം കഴിച്ച പ്രതിയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് കൊലപാതകശ്രമം നടത്തിയത് എന്നായിരുന്നു പ്രതിയുടെ വാദം.
എന്നാല്‍ പ്രതിയുടെ പ്രവൃത്തി മാപ്പര്‍ഹിക്കുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയാല്‍ പ്രതി ഭാര്യയെയും മറ്റു സാക്ഷികളെയും ഭീഷണിപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബു പ്രോസിക്യൂഷനു വേണ്ടി ഹാജരായി.