കോടതിയില്‍ ഹാജരായില്ല; കങ്കണയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി

കോടതിയില്‍ ഹാജരാകാത്തതില്‍ കങ്കണയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണയ്ക്ക് സമന്‍സും അയച്ചിരുന്നു. എന്നാല്‍ കങ്കണ റണാവത്ത് പറഞ്ഞ തീയതിയില്‍ ഹാജരായില്ല. ഇതിനേ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

എഴുത്തുകാരനുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കേസില്‍ അടുത്ത വിചാരണ മാര്‍ച്ച് 22ലേക്ക് മാറ്റി. കോടതി സമന്‍സ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി കങ്കണ രംഗത്തെത്തിയിരുന്നു.

ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ് താനെന്നായിരുന്നു കങ്കണ പ്രതികരിച്ചത്. മാര്‍ച്ച് ഒന്നിനു ഹാജരാകാന്‍ നിര്‍ദേശിച്ച് ഫെബ്രുവരി ഒന്നിനാണ് അന്ധേരി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കങ്കണയ്ക്കു സമന്‍സ് അയച്ചത്. കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി. പരാതി അന്വേഷിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

Top