വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസ് ; ദമ്പതികള്‍ക്ക് വധശിക്ഷ

servant

കുവൈറ്റ്: വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

2016 മുതല്‍ അടച്ചിട്ടിരുന്ന കുവൈത്തിലെ അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈത്ത് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു. കുവൈത്തില്‍ ഫിലിപ്പീന്‍ ജോലിക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു.

കുവൈത്ത് കോടതിയുടേതാണ് വിധി. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ അറസ്റ്റിലായ ഇവരില്‍ ഭര്‍ത്താവിനെ ലബനനു കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്. കുവൈത്തില്‍ തിരിച്ചെത്തുന്ന പക്ഷം ഇവര്‍ക്ക് അപ്പീല്‍ നല്‍കാം. രണ്ടുപേരെയും തിരികെയെത്തിക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുമുണ്ട്. കൊലപാതകം കുവൈത്തും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈത്തിലേക്കു ജോലിക്കായി പോകരുതെന്നു പൗരന്മാര്‍ക്കു ഫിലിപ്പീന്‍സ് നിര്‍ദേശവും നല്‍കി.

Top