മതം മാറാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

ഛണ്ഡീഗഡ് : ഫരീദാബാദില്‍ മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഫരീദാബാദ് സ്വദേശികളായ തൗസീഫ്, റെഹാന്‍ എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. അതിവേഗ കോടതിയുടേതാണ് നടപടി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നികിത തോമര്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ ചേര്‍ന്ന് അതിദാരുണമായി കൊലപ്പെടുത്തിയത് . ബുധനാഴ്ച കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി വിധി പ്രസ്താവിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. അതേസമയം കേസിലെ മൂന്നാം പ്രതിയായ അസറുദ്ദീനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

നികിത തോമറിനെ തൗഫീസ് നിരന്തരം മതം മാറണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയിരുന്നു. ഇത് ശക്തമായി എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് നികിതയെ തൗസീഫ് കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതാണ് കേസില്‍ നിര്‍ണ്ണായക തെളിവായത്. ഹരിയാന പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

 

Top