തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുപിന്നാലെ രോഗി മരിച്ച കേസ് അന്വേഷിക്കാന്‍ വിദഗ്ധസമിതി വേണമെന്ന ആവശ്യം തള്ളി സര്‍ക്കാര്‍. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനാണ് വിദഗ്ധസമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അഡീഷണല്‍ ചീഫ് സെക്രട്ടറി സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ അന്വേഷണം പൂര്‍ത്തിയാകൂയെന്നും അവർ പറഞ്ഞു. വിവാദത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം മന്ത്രി തള്ളി.
അതേസമയം, വൃക്കമാറ്റിവയ്ക്കലിന് വിധേയനായ കാരക്കോണം സ്വദേശി സുരേഷ്കുമാറിന്റെ മരണം പൂർണമായും അധികൃതരുടെ അനാസ്ഥകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സുരേഷ്കുമാറിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്ന പ്രചാരണവും തെറ്റാണ്.വൃക്കകളുടെ തകരാറല്ലാതെ മറ്റൊരസുഖവും സുരേഷ്കുമാറിനില്ലായിരുന്നുവെന്ന് അടുത്തബന്ധുക്കൾ പറഞ്ഞു. വൃക്ക കൊണ്ടുവന്ന പെട്ടി പുറത്തുനിന്നെത്തിയവര്‍ തട്ടിയെടുത്തെന്ന് ആരോപിച്ചത് മെഡിക്കല്‍ കോളജാണ്. അക്കാര്യവും അഡിഷണല്‍ ചീഫ് സെക്രട്ടറി പരിശോധിക്കും.