കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അന്തിമ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ പരിഗണിക്കാന്‍ വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശിച്ചു. അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷ നല്‍കിയാല്‍ ഹര്‍ജിക്കാരന് പകര്‍പ്പ് കൈമാറണമെന്നും കോടതി നിര്‍ദേശം നല്‍കി.
കൊച്ചി സെന്‍ട്രല്‍ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹൈക്കോടതി രജിസ്ട്രാറര്‍ ജനറല്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുന്നതിനാലാണ് സൈബി ജോസിനെതിരായ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതല്‍ കൈക്കൂലി വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.