നടി ആക്രമിക്കപ്പെട്ട കേസും അതിന്റെ തുടരന്വേഷണവും എല്ലാം ഏറെ വിവാദങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. വിചാരണ ഏറെക്കുറേ പൂര്‍ത്തിയായ കേസിലെ വിധി എന്തു തന്നെ ആയാലും അത് രാഷ്ട്രീയ കേരളത്തില്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ദിലീപ് കുറ്റവിമുക്തനായാല്‍ ഐ.പി.എസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയാണ് അഴിയെണ്ണേണ്ടി വരിക. വിധി മറിച്ചായാല്‍ ദിലീപിനു മാത്രമല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും അത് വലിയ തിരിച്ചടിയായും മാറും. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ആക്രമണ സംഭവത്തിന്റെ യഥാര്‍ത്ഥ്യം
അത്… എന്തു തന്നെ ആയാലും പുറത്തു വരിക തന്നെ വേണം. കുറ്റവാളികളും ശിക്ഷിക്കപ്പെടണം. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
വിചാരണ നടപടികള്‍ അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് അതായത് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിചാരണ ചെയ്യുന്നതിന് മുന്‍പാണ് കേസില്‍ വഴിതിരിവുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നത്. അതുവരെയുള്ള വിചാരണ നടപടികള്‍ വിലയിരുത്തിയ നിയമ വിദഗ്ദരെല്ലാം ദിലീപിനെ ശിക്ഷിക്കാന്‍ പറ്റുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തിയിരുന്നത്.
രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് വിചാരണ കാലയളവില്‍ മാത്രം രാജിവച്ചിരിക്കുന്നത്. ഇതു തന്നെ പ്രോസിക്യൂഷന്റെ ആത്മവിശ്വാസ കുറവ് സൂചിപ്പിക്കുന്നതാണ്. ഈ ഘട്ടത്തില്‍ അപ്രതീക്ഷിതമായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതാണ് വിവാദകേസിനെ ആകെ മാറ്റിമറിച്ചിരുന്നത്. കേസ് തോല്‍ക്കുമെന്ന് കണ്ട് ക്രൈംബ്രാഞ്ച് രംഗത്തിറക്കിയ സാക്ഷിയാണ് ബാലചന്ദ്രകുമാര്‍ എന്നാണ് ദിലീപ് വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ‘ആയുധ’മാക്കി തന്നെയാണ് ക്രൈംബ്രാഞ്ച് ഇപ്പോഴും മുന്നോട്ട് പോകുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പേരില്‍ ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിടിവള്ളിയാക്കി നടി ആക്രമിക്കപ്പെട്ട കേസിലേക്ക് തെളിവ് കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. ആവശ്യമായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞെന്നാണ് ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നത്. ദിലീപിന് ജാമ്യം ലഭിച്ചതോടെ പൊളിഞ്ഞ വാദമാണിത്. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി ദിലീപിന്റെ അഭിഭാഷകരും രംഗത്തെത്തിയതോടെ പോര്‍മുഖം കൂടുതല്‍ കലുഷിതമായ സാഹചര്യമാണുള്ളത്.
തെളിവു നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടു നിന്നതായാണ് ക്രൈംബ്രാഞ്ച് സംഘം ആരോപിക്കുന്നത്. ദിനം പ്രതി ഇതു സംബന്ധമായ നിരവധി വിവരങ്ങളാണ് ക്രൈംബ്രാഞ്ച് കേന്ദ്രങ്ങള്‍ മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കുന്നത്. ‘സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനായ രാമന്‍പിള്ളയെയും സഹപ്രവര്‍ത്തകരെയും, ഉടന്‍ ചോദ്യം ചെയ്യും… പ്രതിയാക്കും…. ‘ എന്നൊക്കെ പറഞ്ഞാണ് നിരന്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ പോലും ആരെങ്കിലും ‘ഹൈജാക്ക് ‘ ചെയ്‌തോ എന്നതു പോലും സംശയിക്കേണ്ട ഒരു ഘട്ടമാണിത്.
ഇത്തരമൊരു സംശയം പ്രധാനമായും ഉന്നയിക്കുന്നത് ഹൈക്കോടതിയിലെ അഭിഭാഷകരാണ്. രാമന്‍പിള്ളയെ പോലുള്ള സീനിയര്‍ അഭിഭാഷകരെ തൊട്ടാല്‍ കളി മാറുമെന്ന് അഭിഭാഷകര്‍ പറയുമ്പോള്‍ അതിനെ ഒരിക്കലും നിസാരമായി കാണാന്‍ സാധിക്കുകയില്ല. അഭിഭാഷകര്‍ക്കുള്ള പ്രിവിലേജ് മനസ്സിലാക്കാതെ ചോദ്യം ചെയ്യാനും പ്രതികള്‍ ആക്കാനും ശ്രമിച്ചാല്‍ സ്ഥിതി വഷളാകാനാണ് സാധ്യത. ഇന്ന് രാമന്‍പിള്ളയെ ചോദ്യം ചെയ്യാന്‍ വിട്ടു കൊടുത്താല്‍ നാളെ ഏത് അഭിഭാഷകനെയും പ്രതിയാക്കാന്‍ പൊലീസ് മടിക്കില്ലന്നാണ് അഭിഭാഷക സമൂഹം ചൂണ്ടിക്കാട്ടുന്നത്. അതായത് കടുംകൈ പ്രയോഗിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചാല്‍ പ്രതിഷേധം സംസ്ഥാന വ്യാപകമായി ഉയര്‍ത്താന്‍ തന്നെയാണ് വിവിധ അഭിഭാഷക സംഘടനകളുടെയും തീരുമാനം.
അതേസമയം, ഈ കേസിന്റെ ഇപ്പോഴത്തെ അന്വേഷണം സി.പി.എമ്മിനും വലിയ തലവേദനയായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ യാഥാര്‍ത്ഥ്യം പുറത്തു വരണം എന്നതല്ലാതെ ആരെയെങ്കിലും മനപൂര്‍വ്വം ദ്രോഹിക്കുക എന്നത് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും നയമല്ല. അതു കൊണ്ടു തന്നെ കേസ് വാദിക്കുന്ന അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ശ്രമത്തെയും ഗൗരവമായാണ് സി.പി.എം നോക്കി കാണുന്നത്. സി.പി.എമ്മിനെ സംബന്ധിച്ച് ഒരിക്കലും അവഗണിക്കാന്‍ പറ്റുന്ന പേരല്ല ബി.രാമന്‍പിള്ള എന്നത്. പാര്‍ട്ടിയും സര്‍ക്കാറും പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം ‘രക്ഷകന്റെ’ റോളില്‍ പ്രത്യക്ഷപ്പെട്ട അഭിഭാഷകനാണ് രാമന്‍പിള്ള. അതുകൊണ്ടു തന്നെ മന:പൂര്‍വ്വം ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ അതിന് കുടപിടിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാവില്ലന്നത് വ്യക്തം.
ടി.പി വധക്കേസില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ കുറ്റവിമുക്തനാക്കപ്പെട്ടത് രാമന്‍പിള്ളയുടെ നിയമ പോരാട്ടത്തെ തുടര്‍ന്നാണ്. ബന്ധു നിയമനത്തില്‍ തട്ടി മന്ത്രി സ്ഥാനം നഷ്ടമായ ഇ.പി ജയരാജന് നീതി ലഭ്യമാക്കി കൊടുക്കാന്‍ പട നയിച്ചതും രാമന്‍പിള്ള വക്കിലാണ്. ഫസല്‍ വധക്കേസില്‍ പ്രതികളായ കണ്ണൂരിലെ സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു നേടി കെടുത്തതും രാമന്‍ പിള്ളയുടെ മിടുക്കു കൊണ്ടാണ്. നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ ട്രയല്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ വാദം നടത്തുന്നതും ഇതേ രാമന്‍പിള്ള തന്നെയാണ്. ഏറ്റവും ഒടുവില്‍ മുന്‍ മന്ത്രി എം.എം മണിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിച്ചതും ഈ അഭിഭാഷകന്റെ മിടുക്ക് കൊണ്ടാണ്.
അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി അടക്കം പ്രതികളായിരുന്ന മൂന്ന് പേരെയും മാര്‍ച്ച് 18നാണ് ഹൈക്കോടതി കുറ്റമുക്തരാക്കിയിരിക്കുന്നത്. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് സുപ്രധാന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സി.പി.എം ഉന്നത നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന രാമന്‍പിളളക്ക് എതിരെ മാത്രമല്ല അദ്ദേഹത്തിന്റെ ജൂനിയര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് നീക്കങ്ങള്‍ ശക്തമാണ്. അഭിഭാഷകരുടെ പ്രിവിലേജ് പരിഗണിക്കാതെ എന്തെങ്കിലും സാഹസത്തിന് ക്രൈംബ്രാഞ്ച് മുതിര്‍ന്നാല്‍ സര്‍ക്കാറിനും ഇനി കടുത്ത നിലപാട് തന്നെ സ്വീകരിക്കേണ്ടി വരും. അതിനുള്ള സാധ്യത തന്നെയാണ് നിയമവിദഗ്ദരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് . . .
EXPRESS KERALA VIEW