തിരുവനന്തപുരം: വിസ്മയ കേസില്‍ മുഖ്യപ്രതിയായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പിരിച്ചുവിടാതിരിക്കാന്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കിരണിനെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.
കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുളള ശുചിമുറിയിലാണ് ജൂണ്‍ 21ന് പന്തളം മന്നം ആയുര്‍വേദ കോളേജ് നാലാംവര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.