തിരുവനന്തപുരം: ഭക്ഷണം നല്‍കാന്‍ വൈകിയതിനു കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസ്. കാന്റീന്‍ ജീവനക്കാരനായ മനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്.
ഭക്ഷണം നല്‍കാന്‍ വൈകിയതിന് തന്നെ പി.സി.ജോര്‍ജ് എംഎല്‍എയും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മനുവിന്റെ പരാതി. മര്‍ദ്ദനത്തില്‍ മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. എന്നാല്‍,താന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്.
അസഭ്യം പറയുക, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജോര്‍ജിന്റെ സഹായി സണ്ണിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, സംഭവം ക്രിമിനല്‍ കേസ് തന്നെയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നിയമസഭാംഗം എന്ന പരിഗണന പി.സി.ജോര്‍ജിനു ലഭിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.