ഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെതിരായ വിവാദ ട്വീറ്റിൽ സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ കേസ്. ‘ദ്രൗപതി രാഷ്ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണെന്ന’ ട്വീറ്റിലാണ് പൊലീസ് സംവിധായകനെതിരെ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ രാം ഗോപാൽ വർമ വിശദീകരണവുമായി രംഗത്തെത്തി.
തെലങ്കാന ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് രാം ഗോപാൽ വർമക്കെതിരെ പരാതി നൽകിയത്. ട്വീറ്റിലൂടെ രാം ഗോപാൽ വർമ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയിൽ സൂചിപ്പിച്ചു. പരാതിക്ക് പിന്നാലെ വിവാദ ട്വീറ്റ് റീട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ വിശദീകരണം നൽകി.
‘മഹാഭാരതത്തിലെ എൻ്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ദ്രൗപതി. ഈ പേര് വളരെ അപൂർവമായതിനാലാണ് പെട്ടെന്ന് ഞാൻ അത് ഓർത്തത്. ആ ഓർമയിൽ ട്വീറ്റ് ചെയ്തതാണ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.’- രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.