തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാന്‍ ഔദ്യോഗിക പൊലീസ് വാഹനം നല്‍കിയ സംഭവത്തില്‍ ഐജിക്കും മകനുമെതിരെ പൊലീസ് കേസെടുത്തു.
ട്രെയിനിംഗ് അക്കാദമിയുടെ ചുമതലയുള്ള ഐജി സുരേഷ് രാജ് പുരോഹിതിനെതിരെയാണ് കേസ്. തൃശൂര്‍ ജുവനൈല്‍ കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ പൊലീസാണ് കേസെടുത്തത്. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിനപ്പുറം മറ്റു വകുപ്പുകള്‍ ഒന്നും ചുമത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
ഐജി സുരേഷ് രാജ് പുരോഹിതിന്റെ മകനാണ് അക്കാദമിക്കുള്ളില്‍ ഔദ്യോഗിക സര്‍ക്കാര്‍ വാഹനം വാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം പൊലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫിന്റെ പരാതിയില്‍ കഴിഞ്ഞ ആഴ്ച്ചയാണ് തൃശൂര്‍ ജുവനൈല്‍ കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. വാഹനത്തിനുള്ളില്‍ ഐജി ഇരിക്കുന്നില്ലെങ്കിലും പൊലീസ് ഡ്രൈവര്‍ വലതുവശത്തെ സീറ്റില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. മൂന്നു വ്യത്യസ്ത വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. മൂന്നിലും വ്യത്യസ്ത വാഹനങ്ങളാണ് ഐജിയുടെ മകന്‍ ഓടിക്കുന്നത്. ഒരു വീഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നില്‍ പൊലീസ് അക്കാദമി ഐജിയുടെ വാഹനമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഓടിക്കുന്നത്.