കൊച്ചി: കശ്മീരിലെ കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെയാണ് പനങ്ങാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തത്. നിരവധി സംഘടനകള്‍ വിഷ്ണുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കൊട്ടാക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്ന വിഷ്ണുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഏപ്രില്‍ 11നാണ് ബാങ്ക് വിഷ്ണുവിനെ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു വിഷ്ണുവിന്റെ പരാമര്‍ശം. ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ തന്നെ ബോംബായി വന്നേനെ’ എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്.
പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഇയാള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തുപോയി. എന്നാല്‍ പിന്നീട് ബാങ്കിനെതിരെയായി പ്രതിഷേധം. ബാങ്കിന് മുന്നില്‍ പോസ്റ്റുകള്‍ പതിപ്പിക്കുന്ന സാഹചര്യം വരെയുണ്ടായി. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.