കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് മൊഴിയുള്ളത് കൊണ്ടെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. സുധാകരനെതിരായ കേസ് രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമല്ല. അത്തരമൊരു സമീപനം ഇടത് മുന്നണിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. കെ സുധാകരന് മോന്‍സന്‍ മാവുങ്കല്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് മോന്‍സന്റെ സഹായി തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ കൈയ്യാങ്കളി കേസില്‍ തനിക്ക് പങ്കുണ്ടെന്നും അക്കാര്യം നിഷേധിക്കുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. എന്റെ കണ്‍മുന്നില്‍ വെച്ച് ഞങ്ങളുടെ വനിതാ എംഎല്‍എമാരെ കൈയ്യേറ്റം ചെയ്തപ്പോള്‍ മിണ്ടാതിരിക്കണോ? അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. വാച്ച് ആന്റ് വാര്‍ഡിനെ അടക്കം ഇറക്കി സഭക്കകത്ത് പ്രകോപനം ഉണ്ടാക്കിയത് യുഡിഎഫായിരുന്നു. ഈ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി പിന്‍വലിച്ചത് നിയമപരമായി കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.