ഓള്‍ഡ് ട്രഫോര്‍ഡില്‍ കാസെമിറോ അതൃപ്തനാണെന്ന് റിപ്പോര്‍ട്ട്

മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറിയത് തെറ്റായിപ്പോയെന്ന് ബ്രസീലിയന്‍ താരം കാസെമിറോയ്ക്ക് തോന്നിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ പ്രകടനങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അതൃപ്തരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ താരം റയലില്‍ നിന്ന് ഓള്‍ഡ് ട്രഫോര്‍ഡിലെത്തിയത്. റയല്‍ മാഡ്രിഡിലെ സ്ഥിര സാന്നിധ്യമായ കാസെമിറോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേരാന്‍ തീരുമാനം എടുത്തത് മിക്ക ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു.

2022ല്‍ 60 മില്യണ്‍ പൗണ്ടില്‍ കൂടുതലുള്ള ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് കാസെമിറോ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നിന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലേക്കെത്തിയത്. 2013 മുതല്‍ റയല്‍ മാഡ്രിഡില്‍ ചെലവഴിച്ച താരത്തിന് ഒരിക്കലും റെഡ് കാര്‍ഡ് കാണേണ്ടി വന്നിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. പ്രീമിയര്‍ ലീഗിലെ കര്‍ക്കശമായ റഫറിയിങ് കാസെമിറോയുടെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഓള്‍ഡ് ട്രഫോര്‍ഡിലെത്തിയ താരത്തിന്റെ അരങ്ങേറ്റ സീസണ്‍ മികച്ചതായിരുന്നെങ്കിലും രണ്ടാം സീസണ്‍ വിപരീതമായിരുന്നു. താരത്തിന്റെ മോശം ഫോം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ നാലിന് നടന്ന മത്സരത്തില്‍ ഗലത്സരക്കെതിരെ യുണൈറ്റഡ് തോല്‍വി വഴങ്ങിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുണൈറ്റഡ് പരാജയം വഴങ്ങിയ മത്സരത്തില്‍ കാസെമിറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. അന്താരാഷ്ട്ര ഇടവേളയ്ക്ക് മുന്‍പായി ബ്രെന്റ്ഫോര്‍ഡിനെതിരെയാണ് മിഡ്ഫീല്‍ഡര്‍ അവസാനമായി ക്ലബ്ബിനായി കളിച്ചത്.

 

 

Top