ബാങ്കുകളില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിച്ചാല്‍ നികുതി ചുമത്താന്‍ ശുപാര്‍ശ. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടു വ്യാപിപ്പിക്കാന്‍ വേണ്ട നടപടികളിലൊന്നായാണ് ഇങ്ങനെയൊരു ശുപാര്‍ശ മുന്നോട്ടുവച്ചത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയാണു ശുപാര്‍ശ നല്‍കിയത്. കമ്മിറ്റി ശുപാര്‍ശകള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടക്കാല റിപ്പോര്‍ട്ടായി നല്‍കി.
പണം കൈകാര്യം ചെയ്യുന്നതു കുറയ്ക്കുകയാണു ലക്ഷ്യം. ഡിജിറ്റല്‍ ഇടപാട് വ്യാപിപ്പിക്കാന്‍ അത്തരം ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ കുറയ്ക്കണമെന്നു സമിതി നിര്‍ദേശിച്ചു.
ഇപ്പോള്‍ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഇല്ലാതാക്കണമെന്നാണു സമിതിയുടെ മറ്റൊരു ശുപാര്‍ശ.
2000 രൂപ വരെ 0.75 ശതമാനവും അതിനു മുകളിലുള്ള പണത്തിന് ഒരു ശതമാനവും ആണ് ഡെബിറ്റ് കാര്‍ഡിലെ എംഡിആര്‍ നിരക്ക് . മാര്‍ച്ച് 31 വരെ ഇത് യഥാക്രമം 0.25 ശതമാനവും 0.5 ശതമാനവുമായി റിസര്‍വ് ബാങ്ക് നിയന്ത്രിച്ചിട്ടുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് എംഡിആറിനു നിയന്ത്രണമില്ല.ഗവണ്‍മെന്റ് ഇടപാടുകള്‍ക്ക് എംഡിആര്‍ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും സമിതി നിര്‍ദേശിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്കു മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്തരുത് എന്നും നിര്‍ദേശിച്ചു.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് 1000 രൂപ സബ്‌സിഡി നല്‍കാനും ശുപാര്‍ശയുണ്ട്. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടും ഡിജിറ്റല്‍ ആക്കാന്‍ സമിതി ശുപാര്‍ശചെയ്തു.
ഇന്‍ഷ്വറന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രാസവളം, റേഷന്‍, പെട്രോളിയം തുടങ്ങിയ മേഖലകളില്‍ ഇത് ആദ്യം നടപ്പാക്കണം.
ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ക്ക് (എഇപിഎസ്) മുന്‍ഗണന നല്‍കണമെന്നാണു സമിതി നിര്‍ദേശിക്കുന്നത്. ഇതു വ്യാപിപ്പിക്കുന്നതിനുള്ള തടസങ്ങളും അസൗകര്യങ്ങളും പരിഹരിക്കണം.
വ്യാപാരികള്‍ക്കു പരിശീലനവും ഉപകരണങ്ങള്‍ക്കു നികുതിയിളവും നല്‍കണം. എല്ലാ പോസ്റ്റ് ഓഫീസിലും ആധാര്‍ അധിഷ്ഠിത മൈക്രോ എടി എമ്മുകള്‍ നല്‍കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.