കൊല്ലം: കാഷ്യു കോര്‍പറേഷന്‍ അഴിമതിയില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസി. ആര്‍ ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.
കോര്‍പറേഷന്റെ മുന്‍ എംഡി കെ എ രതീഷാണ് രണ്ടാം പ്രതി. തോട്ടണ്ടി ഇറക്കുമതിയില്‍ ഗൂഢാലോചന നടത്തി പ്രതികള്‍ കോര്‍പറേഷന് കോടികള്‍ നഷ്ടം വരുത്തിയെന്നാണ് കേസ്. എഫ് ഐ ആര്‍ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
കശുവണ്ടി വികസന കോര്‍പറേഷനില്‍ 2015 ഓഗസ്റ്റില്‍ നടന്ന 2000 ടണ്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുന്‍ ഐഎന്‍ടിയുസി നേതാവായ കടകംപള്ളി മനോജാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
ഇതേത്തുടര്‍ന്ന് മുന്‍ സര്‍ക്കാറിന്റെ കാലത്തു തന്നെ വിജിലന്‍സ് അന്വേഷണം നടത്തുകയും ഇക്കഴിഞ്ഞ ഡിസംബര്‍ 23 ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കോര്‍പറേഷന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരനും മുന്‍ എംഡി കെഎ രതീഷും തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും 2 കോടി 86 ലക്ഷം രൂപ കോര്‍പറേഷന് നഷ്ടമുണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇത്രയും കാലവും വിജിലന്‍സ് ആസ്ഥാനത്തെ ഫയലില്‍ ഉറങ്ങി. പുതിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുന്‍ കൈ എടുത്താണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എഫ് ഐ ആര്‍ പ്രകാരം മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ ഒന്നാം പ്രതിയും കെ എ രതീഷ് രണ്ടാം പ്രതിയുമാണ്.
ഇവരെക്കൂടാതെ കോര്‍പറേഷന് തോട്ടണ്ടി കൈമാറിയ ജെ എന്‍ ജെ ട്രേഡേഴ്‌സ് ഉടമ ജെയ്‌മോന്‍ ജേക്കബിനേയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഭുവനചന്ദ്രനേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
എഫ് ഐ ആര്‍ അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.