കൊല്ലം: എട്ടു മാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കു ശേഷം കൊല്ലത്തെ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. കശുവണ്ടി കോര്‍പ്പറേഷന്റെയും കാപ്പെക്‌സിന്റെയും
കീഴിലുള്ള ഫാക്ടറികളില്‍ തോട്ടണ്ടികള്‍ എത്തിച്ചു. ഏതാണ്ട് 900 ടണ്‍ തോട്ടണ്ടിയാണ് എത്തിച്ചിട്ടുള്ളത്. കശുവണ്ടി കോര്‍പ്പറേഷന്റെ കീഴിലുള്ള 30 ഫാക്ടറികളും കാപ്പെക്‌സിന്റെ 10 ഫാക്ടറികളുമാണ് തുറന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ സെപ്തംബര്‍ 20 ന് സാമ്പത്തിക ബാധ്യത പറഞ്ഞാണ് ഫാക്ടറികള്‍ പൂട്ടിയത്. കശുവണ്ടി ഫാക്ടറികള്‍ ചിങ്ങം ഒന്നിന് തുറക്കുമെന്നത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം തദ്ദേശീയമായി ടെന്‍ഡര്‍ ക്ഷണിച്ചാണ് തോട്ടണ്ടി ഇറക്കിയത്. കിലോക്ക് 142 രൂപ നിരക്കിലാണ് ടെന്‍ഡര്‍ സ്വീകരിച്ചിരിക്കുന്നത്. 900 ടണ്‍ തോട്ടണ്ടി ആദ്യ ഘട്ടത്തില്‍ ഇറക്കുമതി ചെയ്തു. തൂത്തുക്കുടി തുറമുഖത്ത് നിന്നാണ് ലോഡ് എത്തിച്ചത്.
വര്‍ഷത്തില്‍ 300 ദിവസം ജോലി കൊടുക്കാന്‍ ലക്ഷ്യമിട്ടാണ് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. ഒരുവര്‍ഷമായി ജോലിയില്ലാതെ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന കശുവണ്ടിത്തൊഴിലാളികളുടെ ആനൂകൂല്യങ്ങളും ബോണസും വിതരണം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.