കൊല്ലം: സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് ബോണസ് ലഭിക്കും. സ്വകാര്യ കശുവണ്ടി ഫാക്ടറി മുതലാളിമാര്‍ കൂടി ഉള്‍പെട്ട ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റിയുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.
ഓണത്തിനു ശേഷം കശുവണ്ടി ഫാക്ടറികള്‍ തുറക്കാനും ചര്‍ച്ചയില്‍ ധാരണയായി. ധാരണ പ്രകാരം 8,500 രൂപ തൊഴിലാളികള്‍ക്ക് ഓണത്തിന് ബോണസായി ലഭിക്കും.
ഈ മാസം എട്ടിനും ഒമ്പതിനുമായി ബോണസ് കൊടുത്തു തീര്‍ക്കാനാണ് തീരുമാനം. ഇതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നു മന്ത്രി കശുവണ്ടി ഫാക്ടറി ഉടമസ്ഥരെ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്കു പുറമേ കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും തൊഴിലാളികള്‍ക്കും ഇതേ നിരക്കില്‍ ബോണസ് ലഭിക്കും. ബോണസിനായി കഴിഞ്ഞ മൂന്നു ദിവസമായി സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ സമരം നടത്തി വരികയായിരുന്നു.