കൊച്ചി: കശുവണ്ടി കോര്‍പറേഷന്‍ അഴിമതിക്കേസിലെ മുഖ്യപ്രതിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരന്‍ ഹാജരാകും. ഐഎന്‍ടിയുസി പ്രസിഡന്റായ മുന്‍ കോര്‍പറേഷന്‍ അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരനാണ് കേസിലെ മുഖ്യപ്രതി. ചന്ദ്രശേഖരന്റെ വക്കാലത്ത് ദാമോദരന്‍ ഏറ്റെടുത്തു.
ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ എം.കെ.ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കണക്കിലെടുക്കാതിരുന്ന ദാമോദരന്‍ കഴിഞ്ഞ ദിവസം വീണ്ടും മാര്‍ട്ടിനുവേണ്ടി ഹാജരായിരുന്നു.
ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരായ 23 കേസുകള്‍ അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തുടര്‍ച്ചയായി മാര്‍ട്ടിന് വേണ്ടി ഹാജരാകുന്നത്. ലോട്ടറി തട്ടിപ്പുകേസില്‍ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്.
എന്നാല്‍ എം.കെ.ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് സംബന്ധിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ തയ്യാറായിട്ടില്ല.
എല്‍ഡിഎഫ് അധികരത്തിലെത്തിയപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് എം.കെ.ദാമോദരനെയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം സ്ഥാനമേല്‍ക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന പുതിയ പദവി എല്‍ഡിഎഫ് അദ്ദേഹത്തിനു നല്‍കിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് അഡ്വക്കറ്റ് ജനറല്‍ പദവിക്ക് സമാന്തരമായി മുഖ്യമന്ത്രിക്ക് മാത്രമായി നിയമോപദേശകന്‍ നിയമിതനായത്.
ഇതിനിടെ ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായ അഡ്വ.എം.കെ ദാമോദരന്റെ നടപടിയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ അഭിഭാഷകനായി നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയല്ല എം.കെ ദാമോദരന്‍. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനാണ്. അദ്ദേഹത്തിന് സ്വന്തം നിലക്ക് കേസുകളില്‍ ഹാജരാകാന്‍ സ്വാതന്ത്ര്യമുണ്ട്. അത് വിവേചനപൂര്‍വമെടുക്കേണ്ട തീരുമാനമാണ്. എന്നാല്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എം.കെ ദാമോദരന്‍ ഹാജരായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
സാന്റിയാഗോ മാര്‍ട്ടിനെതിരായ ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയല്ല, കേന്ദ്ര എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റുമായി ബന്ധപ്പെട്ടെ കേസിലാണ് എം.കെ ദാമോദരന്‍ ഹാജരായത്. ഐ.എന്‍.ടി.യു.സി നേതാവ് ആര്‍. ചന്ദ്രശേഖരനെതിരായ കശുവണ്ടി കേസില്‍ എം.കെ ദാമോരന്‍ ഹാജരായ വിഷയത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ച് പ്രതികരിക്കാമെന്നും കോടിയേരി വ്യക്തമാക്കി.