ശ്രീനഗർ: കാശ്മീരിൽ വീണ്ടും ഡ്രോൺ ഉപയോഗിച്ച് ആയുധക്കടത്ത് നടത്തി പാക് ഭീകരർ. സാംബ സെക്ടറിലാണ് എ.കെ 47 റൈഫിളും 9 എംഎം പിസ്റ്റളും മാഗസിനും 15 വെടിത്തിരകളും ഡ്രോൺ ഉപയോഗിച്ച് എത്തിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഈ ആയുധങ്ങൾ കണ്ടെടുത്തത്. തെരച്ചിലിനിടെ പാഴ്‌സൽ കണ്ടെത്തുകയായിരുന്നു. അഴിച്ചു പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടത്. അതിർത്തിയിൽ നിന്നും 250 മീറ്റർ ഉളളിൽ ഇന്ത്യൻ മേഖലയിലാണ് ആയുധങ്ങൾ ഇട്ടിരുന്നത്. കശ്മീരിൽ ഭീകരാക്രമണത്തിന് വേണ്ടി എത്തിച്ചു നൽകിയ ആയുധങ്ങളാണിത്.
2020 നവംബറിൽ ഇതേ മേഖലയിൽ ബിഎസ്എഫ് ഒരു തുരങ്കം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് അഞ്ചിന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് ഭീകരനെ ഇവിടെവെച്ച് സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു. ഭീകരരുടെ ആക്രമണശ്രമമാണ് ബിഎസ്എഫ് വിഫലമാക്കിയതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.