സംസ്ഥാനത്ത് ജാതി സെന്‍സസ് ഉടന്‍ നടപ്പാക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്

സംസ്ഥാനത്ത് ജാതി സെന്‍സസ് ഉടന്‍ നടപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്. സൗദി അറേബ്യയില്‍ പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ശക്തിപ്പെടുകയാണ്. പുതുതലമുറ രാഷ്ട്രീയ സംഘടനകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. ‘ഇന്‍ഡ്യ’ മുന്നണി ജാതി സെന്‍സസിനെ രാഷ്ട്രീയ അജണ്ടയായി നിശ്ചച്ചത് ഈ പശ്ചാത്തലത്തില്‍ കാണണമെന്നും കെ.എ ഷഫീഖ് വിശദീകരിച്ചു.

കേരളത്തില്‍ ഇത്തരം ആവശ്യങ്ങള്‍ കൂടുതല്‍ ശക്തിയായി ഉന്നയിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതായി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ജാതി സെന്‍സസ്, ജനസംഖ്യാനുപാതിക പ്രാതിനിധ്യം, എയ്ഡഡ് നിയമനങ്ങള്‍, പി.എസ്.സിക്ക് വിടല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭ യാത്ര ഇതിന്റെ ഭാഗമാണ്. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിലാണ് പ്രാതിനിധ്യം വഹിക്കുന്നത് എന്ന് തിരിച്ചറിയാന്‍ തലയെണ്ണിയുള്ള വിശദമായ കണക്കുകള്‍ ആവശ്യമാണ്. ജാതി തിരിച്ചുള്ള സെന്‍സസ് നടത്തിയാല്‍ മാത്രമേ കണക്കുകള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ.

ബീഹാര്‍ കര്‍ണാടക രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ ജാതി സര്‍വ്വേ നടത്തുകയും ബീഹാര്‍ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇന്‍ഡ്യ മുന്നണി പ്രധാന വാഗ്ദാനമായി സെന്‍സര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു അതിനോടെല്ലാം ഐക്യപ്പെടുന്ന നിലപാടാണ് സിപിഎമ്മും ഇടതുപക്ഷ സംഘടനകളും സ്വീകരിച്ചിട്ടുള്ളത് എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെല്‍ഫയര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവാസി വെല്‍ഫയറിന്റെ അംഗബലം വര്‍ദ്ധിപ്പിക്കണം എന്ന് അധ്യക്ഷനായിരുന്ന ആക്ടിങ്ങ് പ്രസിഡന്റ് ജംഷാദ് അലി പറഞ്ഞു. റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം തിരൂര്‍ക്കാട് ചോദ്യോത്തരം നിയന്ത്രിച്ചു. വിവിധ വിഷയങ്ങളില്‍ ഉള്ള ഗ്രൂപ്പ് ചര്‍ച്ചകള്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ്മാരായ ആഷിഫ് കൊല്ലം, സമീഉല്ല, നാസര്‍ വെള്ളിയത്ത്, ജമാല്‍ കൊടിയത്തൂര്‍, ഷക്കീര്‍ ബിലാവിനകത്ത് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. പ്രോവിന്‍സ് പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം ഉപസംഹരിച്ചു. ട്രഷറര്‍ അയ്മന്‍ സഈദ് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ മുഹ്‌സിന്‍ ആറ്റാശ്ശേരി, സലിം കണ്ണൂര്‍, ജമാല്‍ പയ്യന്നൂര്‍, ഹാരിസ് കൊച്ചി, ഫാത്തിമ ഹാഷിം, അനീസ മഹബൂബ്, ശരീഫ് കൊച്ചി, എന്നിവര്‍ നേതൃത്വം നല്‍കി.

Top