പി വി ശ്രീനിജനെതിരായ ജാതീയ പരാമര്‍ശം: സാബു എം ജേക്കബിനെ ചോദ്യം ചെയ്തു

പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബിനെ ചോദ്യം ചെയ്തു. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 10 മണിയോടെയാണ് സാബു എം ജേക്കബ് ചോദ്യം ചെയ്യലിന് ഹാജരായത്.

ജനുവരി 21ന് കോലഞ്ചേരിയില്‍ സംഘടിപ്പിച്ച ട്വന്റി ട്വന്റി മഹാ സമ്മേളനത്തില്‍ സംസാരിക്കവെ പി വി ശ്രീനിജനെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്നാണ് പരാതി. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര്‍ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു ജേക്കബ് പ്രസംഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രസംഗം ശ്രീനിജനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചാണിതെന്നും പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സാബു എം ജേക്കബിനെതിരെ നേരത്തെയും ശ്രീനിജന്‍ എംഎല്‍എ ജാതീയ അധിക്ഷേപ പരാതി നല്‍കിയിരുന്നു.

Top