ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 430ആയി. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിന് ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 10000 വീടുകളും, പള്ളികളും, ബിസിനസ്സ് സ്ഥാപനങ്ങളുമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ടെന്ന് ദുരന്ത നിവാരണസേന വക്താവ് സുപോ പര്‍വ്വോ നുഗ്രോ വ്യക്തമാക്കി. ഭൂചലനത്തില്‍ ഇതുവരെ 436 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1300 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 3,53,000 പേരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ലോംബോക്കില്‍ മാത്രം 374 പേരാണ് മരിച്ചത്. 13,700 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥീരീകരിച്ചു. സൈസന്യത്തിന്റെ ഉള്‍പ്പെടെ മൂന്ന് ഹെലികോപ്റ്ററുകളില്‍ ഭക്ഷണവും, ശുദ്ധജലവും, മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. നൂറ് കണക്കിന് സംഘടനകളും, അസോസിയേഷനുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഭൂകമ്പ മാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ലോംബോക്കിന്റെ വടക്കന്‍ തീരത്ത് ഭൂനിരപ്പില്‍ നിന്ന് 15 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ലോംബോക്കില്‍ ഒരാഴ്ചക്കിടെ ഉണ്ടായ രണ്ടാമത്തെ ഭൂചലനമാണിത്. ആദ്യ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചിരുന്നു.
ലോംബോക്കിലെ മതറം നഗരത്തിലാണ് വലിയ നാശനഷ്ടമുണ്ടായത്. സൈനികരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും , രക്ഷാപ്രവര്‍ത്തനവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഇന്തോനേഷ്യയില്‍ സാധാരണയായി ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. 2004 ല്‍ ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ സുനാമിയില്‍ 13 രാജ്യങ്ങളില്‍ നിന്നായി 22,6000 പേരാണ് കൊല്ലപ്പെട്ടത്. അന്ന് ഉണ്ടായ സുനാമിയില്‍ 120,000 പേരാണ് ഇന്തോനിഷ്യയില്‍ കൊല്ലപ്പെട്ടത്.