ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 557 ആയി. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പം മൂലം 390,000 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. 76765 കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
നോര്‍ത്ത് ലോംബോക്ക് മുന്‍സിപ്പാലിറ്റിയില്‍ മാത്രം 466 പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് ദേശീയ ദുരന്ത നിവാരണ സേന വക്താവ് സുപോ പര്‍വ്വോ നുഗ്രോ വ്യക്തമാക്കി. ആയിരക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 10000 വീടുകളും, പള്ളികളും, ബിസിനസ്സ് സ്ഥാപനങ്ങളുമാണ് തകര്‍ന്ന് വീണത്. നൂറ് കണക്കിന് സംഘടനകളും, അസോസിയേഷനുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ലോംബോക്കിന്റെ വടക്കന്‍ തീരത്ത് ഭൂനിരപ്പില്‍ നിന്ന് 15 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.