ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 131 ആയി. കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണു സംശയം. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദ്വീപില്‍ ഇന്ന് വീണ്ടും ഭൂകമ്പമുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ആദ്യം ചെറിയ പ്രകമ്പനമുണ്ടായ ശേഷമാണ് ശക്തിയേറിയ ഭൂകമ്പമുണ്ടായത്. നിരവധിയാളുകളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഭൂകമ്പ മാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.
ലോംബോക്കിന്റെ വടക്കന്‍ തീരത്ത് ഭൂനിരപ്പില്‍ നിന്ന് 15 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ലോംബോക്കില്‍ ഒരാഴ്ചക്കിടെ ഉണ്ടായ രണ്ടാമത്തെ ഭൂചലനമാണിത്. ആദ്യ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചിരുന്നു. ഭൂചലനം സംഭവിച്ച സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഇനിയും മരണസംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ലൊംബോക്കിലെ 80% കെട്ടിടങ്ങളും, പാലങ്ങളും റോഡുകളും നശിച്ചു. ഭക്ഷണവും മരുന്നും ശുദ്ധജലവും വൈദ്യുതിയും താമസ സൗകര്യവുമില്ലാതെ ആളുകള്‍ ക്ലേശിക്കുകയാണ്. ലോംബോക്കിന്റെ തൊട്ടടുത്ത ദ്വീപും ലോകത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുമായ ബാലിയിലും ഭൂകമ്പം ബാധിച്ചിട്ടുണ്ട്. ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലിന് കേടുപാടുകളുണ്ടായിട്ടുണ്ട്. ലോംബോക്കില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു. ലോംബോക്കിലെ മതറം നഗരത്തിലാണ് വലിയ നാശനഷ്ടമുണ്ടായത്. സൈനികരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും , രക്ഷാപ്രവര്‍ത്തനവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.
ഇന്തോനേഷ്യയില്‍ സാധാരണയായി ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. 2004 ല്‍ ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ സുനാമിയില്‍ 13 രാജ്യങ്ങളില്‍ നിന്നായി 22,6000 പേരാണ് കൊല്ലപ്പെട്ടത്. അന്ന് ഉണ്ടായ സുനാമിയില്‍ 120,000 പേരാണ് ഇന്തോനിഷ്യയില്‍ കൊല്ലപ്പെട്ടത്.