ആശങ്ക; കാസര്‍കോട് കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു

കാസര്‍കോട്: കാസര്‍കോട് കൊവിഡ് ബാധിത പ്രദേശത്ത് നിന്ന് പിടികൂടിയ അഞ്ച് പൂച്ചകള്‍ ചത്തത് പരിഭ്രാന്തി പരത്തുന്നു. കൊവിഡ് കെയര്‍ സെന്ററായ ജനറല്‍ ആശുപത്രിയില്‍ നിന്ന് പിടികൂടിയ പൂച്ചകളാണ് ചത്തത്. പൂച്ചകള്‍ ചത്തത് കൊവിഡ് ബാധിച്ചാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ചത്ത പൂച്ചയിലൊന്നിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തി. ശരീര ഭാഗങ്ങള്‍ പരിശോധനക്കയക്കാനും തീരുമാനമായി. പ്രാഥമിക പരിശോധനയില്‍ പൂച്ചകള്‍ക്ക് കൊവിഡ് ബാധിച്ചത് വ്യക്തമായിട്ടില്ലെന്നും എങ്കിലും വിശദമായ റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാനാവൂവെന്നും എപ്പിഡോമയോളജിസ്റ്റ് ഡോ. എം ജെ സേതുലക്ഷ്മി പറഞ്ഞു.

കൊവിഡ് ആശുപത്രിയില്‍ പൂച്ചകള്‍ അലഞ്ഞു തിരിഞ്ഞത് രോഗികളാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഒരു പെണ്‍ പൂച്ചയെയും രണ്ട് കുട്ടികളെയും രണ്ട് ആണ്‍ പൂച്ചകളെയും പിടികൂടിആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററിലേക്ക് മാറ്റി. അവിടെ വെച്ച് ആദ്യം പെണ്‍പൂച്ചയും പിന്നീട് മറ്റ് പൂച്ചകളും ചത്തുവെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം ചെയ്ത പൂച്ചയുടെ വയറ്റില്‍ നിന്ന് മുടിച്ചുരുള്‍ ലഭിച്ചെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ടിറ്റോ ജോസഫ് പറഞ്ഞു. പ്രസവ ശേഷം പെണ്‍പൂച്ച അവശയായിരുന്നു. പെട്ടെന്ന് അവയെ സ്ഥലം മാറ്റിയതും പ്രശ്നമായി. പെണ്‍പൂച്ച ചത്തതിന് ശേഷം പട്ടിണി കിടന്നാണ് കുട്ടികള്‍ ചത്തതെന്നും അധികൃതര്‍ പറഞ്ഞു.

Top