‘തറാവീഹ് നിസ്കാരത്തിനിടെ പൂച്ച ദേഹത്ത് ചാടിക്കയറി’; വൈറലായ വീഡിയോക്ക് പിന്നാലെ ഇമാമിന് ആദരം

ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ റമദാന്‍ ആഘോഷിക്കുകയാണ്. വിശുദ്ധ റമദാൻ മാസത്തിൽ മുസ്ലിംകൾ നോമ്പെടുക്കുകയും പ്രത്യേക പ്രാര്‍ത്ഥനകൾ നടത്തുകയും ചെയ്യുന്നുണ്ട്. തറാവീഹ് നിസ്കാരത്തിനിടെ തന്റെ ശരീരത്തിലേക്ക് കയറിയ പൂച്ചയോട് വാത്സല്യം കാണിക്കുകയും നിസ്കാരം തുടരുകയും ചെയ്ത ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അതേ ഇമാമിനെ തേടി അൾജീരിയൻ സര്‍ക്കാറിന്റെ ആദരം എത്തിയിരിക്കുകയാണ്. അബൂബക്കര്‍ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മെഹ്സാസിനെയാണ് സർക്കാർ ആദരിച്ചത്. മൃഗങ്ങളോടുള്ള അനുകമ്പയുടെ ഇസ്ലാമിക പാഠങ്ങൾ ഉയര്‍ത്തിപ്പിടിച്ചതിനാണ് സര്‍ക്കാറിന്റെ ആദരമെന്നാണ് റിപ്പോര്‍ട്ട്.

അള്‍ജീരിയയിലെ ബോർഡ്ജ് ബൗ അറെറിഡ്ജിൽ ഇമാം വാലിദ് മെഹ്‌സാസിന്റെ റമദാന്‍ മാസ പ്രാര്‍ത്ഥന ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിനിടെ ആയിരുന്നു അസാധാരണമായ ഒരു സംഭവം. ഇമാം പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ പള്ളിയിലെ ഒരു പൂച്ച അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടിക്കയറി. അദ്ദേഹം നെഞ്ചിന് നേരെയായി മടക്കിവച്ച കൈകളിലേക്ക് പൂച്ച ചാട്ടിക്കയറുകയായിരുന്നു. എന്നാല്‍ ആദ്യ ചാട്ടത്തില്‍ ഇമാമിന്റെ വസ്ത്രത്തില്‍ നഖം ആഴ്ത്താന്‍ കഴിഞ്ഞെങ്കിലും അവിടെ പിടിച്ച് നിൽക്കാൻ പൂച്ചയ്ക്ക് കഴിഞ്ഞില്ല. പൂച്ച താഴെ വീണേക്കാമെന്ന ഘട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ഭംഗം വരാതെ തന്നെ പൂച്ചയെ ഒരു കൈകൊണ്ട് ഇമാം സംരക്ഷിക്കുന്നതാണ് വീഡിയോയില്‍.

ഒടുവിൽ ഇമാമിന്റെ ദേഹത്ത് സുരക്ഷിതമായി പിടിച്ച് നില്‍ക്കുന്ന പൂച്ച, പതുക്കെ ചുമലുകളിലേക്ക് കയറുന്നു. ചുമലില്‍ കയറിയ പൂച്ച ഇമാമിന് പുറകിലായി നിന്ന് പ്രര്‍ത്ഥന ഏറ്റു ചൊല്ലുന്ന വിശ്വാസികളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നതും, തുടര്‍‌ന്ന് തിരിഞ്ഞ് ഇമാമിന്റെ ഇടത് ചുമലില്‍ സ്ഥാനം പിടിക്കുന്ന പൂച്ച ഇമാമിന്റെ കവിളില്‍ മുഖമുരസി സ്നേഹം പ്രകടിപ്പിക്കുന്നതും ഏറെ കൗതുകമുള്ള കാഴ്ചയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ചുമലില്‍ നിന്നും താഴേയ്ക്ക് ചാടി തന്റെ വഴിക്ക് പോകുന്നതും കാണാം. സംഭവത്തിന്റ ദൃശ്യങ്ങൾ ഇതിനകം സാമൂഹ്യമാധ്യങ്ങളിൽ വൈറലാണ്.

Top