ബലോഡ്: തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ പതിനൊന്നുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് ബലോഡിലെ രഞ്ജന്‍ഗോന്‍ ഗ്രാമത്തിലാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് വിധേയരായവരില്‍ പതിനൊന്നുപേര്‍ക്കും തങ്ങളുടെ ഒരോ കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്വകാര്യ ആശുപത്രിയില്‍ നടത്തിയ തിമിര ശസ്ത്രക്രിയയിലാണ് ഇത്തരം ഒരു വീഴ്ച സംഭവിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 22,23, 24 തുടങ്ങി മൂന്നു ദിവസങ്ങളിലായി 96 പേര്‍ക്കായിരുന്നു തിമിര ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ 32 പേര്‍ ശസ്ത്രക്രിയയ്ക്കുശേഷം അസ്വസ്ഥതകളുമായി ആശുപത്രിയെ സമീപിച്ചിട്ടുണ്ടെന്നാണ് ഹോസ്പ്പിറ്റല്‍ ഡയറക്ടടര്‍ ഡോ.അബ്രഹാം അറിയിച്ചത്.
ഫെബ്രുവരു 23-ന് രണ്ടു ഡോക്ടര്‍മാരുടെ കീഴില്‍ രണ്ടുഘട്ടമായി 45 ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ശസ്ത്രക്രിയയ്ക്കു ശേഷം ഇവരെ മുതിര്‍ന്ന കണ്ണിന്റെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രണ്ടു ദിവസം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ അസ്വസ്ഥതകളൊന്നും കണ്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ശസ്ത്രക്രിയയ്ക്ക് വിധേയരായവരില്‍ രണ്ടുപേര്‍ അണുബാധയെ തുടര്‍ന്ന് 26-ാം തീയതി ആശുപത്രിയെ സമീപിച്ചിരുന്നുവെന്നും ഡോ.അബ്രഹാം അറിയിച്ചു.
സംഭവം വിദാമായതോടെ കാഴ്ച നഷ്ടപ്പെട്ട പതിനൊന്നുപേരെ വിദഗ്ധ പരിശോധനയ്ക്കായി റായ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റായ്പൂരിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പതിനൊന്നു പേര്‍ക്കും ഓരോ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് രോഗികള്‍ക്ക് ശസ്ത്രക്രിയസമയത്ത് ഉപയോഗിച്ച മരുന്നുകളും, അതിന് ശേഷം കണ്ണില്‍ ഒഴിക്കാന്‍ കൊടുത്ത മരുന്നുകളുടേയും സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചുകൊടുത്തു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പതിനൊന്നു പേരെ ബീം റാവു അംബേദ്ക്കര്‍ ആശുപത്രി, റായ്പൂര്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ രാണു സാഹു അറിയിച്ചു. ഇതേത്തുടര്‍ന്ന്, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് മിത്‌ലേഷ് ചൗധരി ആശുപത്രിയില്‍ അന്വേഷണം നടത്തുകയും കാഴ്ച നഷ്ടപ്പെട്ട രോഗികളെ സന്ദര്‍ശിക്കുകയും ചെയ്തതായും അവര്‍ അറിയിച്ചു.