കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഇന്ന് ഇറാഖില്‍

ബാഗ്ദാദ്; ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഇറാഖിലെത്തുന്നു.ഇന്ന് ഉച്ചയ്ക്ക് ബഗ്ദാദിലെത്തും. കൊറോണ രോഗ വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് പോപ്പ് ഫ്രാന്‍സിസ് വിദേശ യാത്ര നടത്തുന്നത്. നാല് ദിവസത്തെ സന്ദര്‍ശനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇറാഖിലെ ക്രൈസ്തവ സമൂഹവുമായി സംവദിക്കുന്ന അദ്ദേഹം ഷിയാ നേതാവ് ആയത്തുല്ലാ സിസ്താനിയുമായി ചര്‍ച്ച നടത്തും. മൊസൂളില്‍ പ്രത്യേക പ്രാര്‍ഥനയും തീരുമാനിച്ചിട്ടുണ്ട്. കൊറോണ രോഗവും സുരക്ഷാ ഭീഷണിയും അവഗണിച്ച് സ്വന്തം താല്‍പ്പര്യമെടുത്താണ് പോപ്പ് ഫ്രാന്‍സിസ് ഇറാഖിലെത്തുന്നത്.

ക്രൈസ്തവരുടേയും മുസ്ലിങ്ങളുടെയും ജൂതരുടെയും ഒട്ടേറെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇറാഖിലേത്. ക്രൈസ്തവര്‍ പൂര്‍വ പിതാമഹനായി കണക്കാക്കുന്ന എബ്രഹാമിന്റെ നാട്. നേരത്തെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 1999ല്‍ ഇറാഖ് സന്ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ, അന്നത്തെ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകൂടം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹമാണ് ഇറാഖിലേക്ക്. 14 ലക്ഷത്തോളം ക്രൈസ്തവരാണ് നേരത്തെയുണ്ടായിരുന്നത്. രണ്ടര ലക്ഷം പേര്‍ മാത്രമേ ഇപ്പോഴുള്ളൂ എന്നാണ് കണക്ക്. 2003ല അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ ഒട്ടേറെ ക്രൈസ്തവര്‍ പലായനം ചെയ്യുകയായിരുന്നു.

 

Top