മാന്നാര്‍: ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പേവിഷ ബാധയേറ്റ് നാലു മൃഗങ്ങള്‍ ചത്തു. തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി മണ്ണത്തറയില്‍ സുരേന്ദ്രന്റെ ഒരു എരുമയും കോട്ടപ്പുറത്ത് കെ. ഇ. മാത്യുവിന്റെ രണ്ടു പോത്തും തെക്കുംമുറി പാലക്കീഴില്‍ ജയലക്ഷ്മിയുടെ ഒരു പശുവും ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്.
ചെന്നിത്തല സൗത്ത് ശാലേം പള്ളിക്ക് കിഴക്കുവശത്ത് പുരയിടത്തില്‍ കെട്ടിയിരുന്ന എരുമയുടെ വായില്‍നിന്ന് നുരയും പതയും വരുന്നതുകണ്ട് സുരേന്ദ്രന്‍ എരുമയെ വീട്ടില്‍ എത്തിച്ച് ഡോക്ടറുടെ സഹായം തേടിയപ്പോഴേക്കും എരുമ ചത്തു. സമാന ലക്ഷണമാണ് ചത്ത മറ്റുവളര്‍ത്തു മൃഗങ്ങളിലും കാണപ്പെട്ടതെന്ന് വീട്ടുകാര്‍ പറയുന്നു. ചത്ത മൃഗങ്ങളുടെ ആന്തരിക സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പേ വിഷബാധയാണന്ന് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഈ പ്രദേശത്തെ ഇരുന്നൂറോളം വളര്‍ത്തുമൃഗങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തതായി വെറ്ററിനറി സര്‍ജന്‍ ഡോ. പ്രിന്‍സ് മോന്‍ പറഞ്ഞു. പശു, പോത്ത്, എരുമ, ആട്, പട്ടി, പൂച്ച എന്നിവകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുണ്ട്. കുളമ്പുരോഗവ്യാപനം അല്പം ശമിച്ചതിനു പുറകെയാണ് പുതിയരോഗം കണ്ടു തുടങ്ങിയത്.