സ്‌കൂട്ടറില്‍ കടത്താൻ ശ്രമിച്ച കുഴല്‍പണം പിടികൂടി; പ്രതി പിടിയിൽ

താമരശ്ശേരി: സ്‌കൂട്ടറില്‍ വിതരണത്തിനു കൊണ്ടുപോയ 7,62,500 രൂപയുടെ കുഴല്‍പണം താമരശ്ശേരി പൊലീസ് പിടികൂടി. കൊടുവള്ളി ആവിലോറ കിഴക്കേനൊച്ചിപൊയില്‍ കെ.എന്‍.മനാസിനെ (മജീദ്-51) ആണ് ഇന്നലെ രാവിലെ ചുങ്കം പെട്രോള്‍ പമ്പിനു സമീപത്തു നിന്നു വാഹനപരിശോധനയ്ക്കിടെ കുഴല്‍പണം സഹിതം പിടികൂടിയത്.

സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. താമരശ്ശേരി ഡിവൈഎസ്പി എന്‍.സി.സന്തോഷ്‌കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫ, എസ്‌ഐ പി.എന്‍.മുരളീധരന്‍, സ്‌പെഷല്‍ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, വി.കെ.സുരേഷ്, സിപിഒമാരായ ഷാജി, സജേഷ്, ലിനീഷ്, ഷൈജല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം താമരശ്ശേരി, അടിവാരം ഭാഗത്തായി 16 പേര്‍ക്കു വിതരണം ചെയ്യാനുള്ളതാണന്നു പ്രതി പൊലീസിനോടു പറഞ്ഞു. പണം നല്‍കേണ്ടവരുടെ പേര് എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു.

 

Top