തിരുവനന്തപുരം: ഡി സി സി പുന:സംഘടനക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാറിനും കെ ശിവദാസന്‍ നായര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ്. തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുള്ളത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.
ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ അര്‍ഹതപ്പെട്ടവരെ തഴഞ്ഞെന്നും പെട്ടിതൂക്കികള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കിയതെന്നും ആരോപിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലേയയും വരെ അപമാനിക്കുന്ന തരത്തിലായിരുന്നു കെ പി സി സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും നടപടിയെന്നും ഇരുവരും നിലപാടെടുത്തിരുന്നു.