ജാഗ്രത . . ! ലോകത്തെ വിറപ്പിച്ചവരാണ് കേരളത്തെയും നോട്ടമിട്ടിരിക്കുന്നത് . . .

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ സാക്ഷാല്‍ അമേരിക്കയെ പോലും വിറപ്പിച്ച തീവ്രവാദ സംഘടനയാണ് അല്‍ഖയ്ദ. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ 2,977 പേരാണ് കൊല്ലപ്പെട്ടിരുന്നത്. പരിക്കേറ്റവരാകട്ടെ 6000ത്തില്‍ അധികമായിരുന്നു. 91,000 ലിറ്റര്‍ ഇന്ധനശേഷിയുള്ള നാല് യാത്രാ വിമാനങ്ങള്‍ റാഞ്ചിയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖയ്ദ ഭീകരര്‍ ആക്രമിച്ചിരുന്നത്. ലോകചരിത്രത്തില്‍ തന്നെ ഒരു ഭീകര സംഘടന നടത്തിയ ഏറ്റവും ആസൂത്രിതമായ ആക്രമണമായിരുന്നു അത്. ഈ ആക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിന്‍ ലാദനെ പാക്കിസ്ഥാനിലെ ഒളിതാവളത്തില്‍ വച്ചാണ് അമേരിക്കന്‍ കമാന്‍ഡോകള്‍ കൊലപ്പെടുത്തിയിരുന്നത്. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ മകന്‍ അല്‍ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തതായ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് ഐ.എസ് തീവ്രവാദികള്‍ പിടിമുറുക്കിയിരുന്നത്. ലോകം ഏറ്റവും അപകടകാരിയായ ഭീകരസംഘടനയായി നിലവില്‍ വിലയിരുത്തുന്നതും ഐ.എസിനെയാണ്. ഇന്ത്യയും ഈ സംഘടനക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. സിറിയയിലേക്ക് ആക്രമണം നടത്താന്‍ പോയ ഐ.എസ് പ്രവര്‍ത്തകരില്‍ നിരവധി മലയാളികളും ഉണ്ടായിരുന്നു. കേരളത്തെ സംബന്ധിച്ച് ഞെട്ടിച്ച സംഭവമായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരിലും മലയാളികള്‍ ഉണ്ടായിരുന്നു. എ.കെ 47 തോക്കുകള്‍ ഇവരുടെ മൃതദേഹത്തില്‍ കണ്ടെത്തിയതും അന്ന് നാടിനെ നടുക്കിയിരുന്നു. ഇതിനേക്കാള്‍ ഏറെ നടുക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവം. അല്‍ഖെയ്ദ തീവ്രവാദികള്‍ കേരളത്തിലും എത്തി എന്നത് ഞെട്ടിക്കുന്ന സംഭവമാണ്.

കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്‍ഖെയ്ദ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നത്. മൂന്ന് പേരാണ് കൊച്ചിയില്‍ പിടിയിലായിരിക്കുന്നത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ,് മുസാഫ് ഹുസൈന്‍ എന്നിവരാണിവര്‍. ഇവരില്‍ നിന്നും ആയുധങ്ങളും രേഖകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബംഗാളില്‍ നിന്നും 6 പേരാണ് അറസ്റ്റിലായത്. ഇതിനു പുറമെ ജമ്മു കശ്മീരില്‍ നിന്നും അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായിട്ടുണ്ട്. മഹാരാഷ്ട്രയിലും വ്യാപക റെയ്ഡ് നടന്നു വരികയാണ്. നിര്‍ണ്ണായക വിവരങ്ങളാണ് ഓരോ നിമിഷവും എന്‍.ഐ.എക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ അറസ്റ്റ് നടക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ബംഗാള്‍ സ്വദേശികളാണ്. ഡല്‍ഹിക്ക് പുറമെ, കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനും ഭീകരര്‍ക്ക് പദ്ധതിയുണ്ടായിരുന്നു.

കൊച്ചിയില്‍ നാവിക ആസ്ഥാനവും ഷിപ്പിയാര്‍ഡുമായിരുന്നു ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരരാണ് പിടിയിലായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മ്മാണ തൊഴിലാളിയായും ഹോട്ടല്‍ തൊഴിലാളിയായും വേഷമിട്ടായിരുന്നു എറണാകുളത്ത് ഭീകരര്‍ കഴിഞ്ഞിരുന്നത്. ഇതില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം തുടരുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു അല്‍ഖ്വയ്ദ പ്രവര്‍ത്തകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് മറ്റു ഭീകരരെ കുരുക്കാന്‍ വഴി ഒരുക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നും അറസ്റ്റിലായവര്‍ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ളവരാണ്. ഇവര്‍ വിദേശത്തേക്ക് വിളിച്ച കാള്‍ വിശദാംശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

എന്‍.ഐ.എ യെ മാത്രമല്ല രഹസ്യാന്വേഷണ ഏജന്‍സികളെയും അമ്പരപ്പിച്ച വിവരമാണിത്. ഐസ് ഭീഷണിയാണ് വലിയ ഭീഷണിയെന്ന് ധരിച്ചിടത്താണിപ്പോള്‍ അല്‍ഖ്വയ്ദ തന്നെ ലാന്‍ഡ് ചെയ്തിരിക്കുന്നത്. ഈ തീവ്രവാദ സംഘടനയുടെ മുന്‍കാല ആക്രമണ സ്വഭാവങ്ങള്‍ വിലയിരുത്തുമ്പോള്‍ നാട് ഏറെ ഭയപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. സംശയകരമായ എന്ത് കണ്ടാലും അക്കാര്യം പൊലീസിനെ അറിയിക്കാന്‍ ഒരിക്കലും വൈകരുത്. അതോടൊപ്പം തന്നെ എല്ലാവരെയും ഒരു പോലെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്യരുത്. വിശക്കുന്ന വയറിന്റെ വിശപ്പകറ്റാന്‍ വരുന്ന നിരവധി അതിഥി തൊഴിലാളികള്‍ ഇവിടെയുണ്ട്. വേഷം മാറി വരുന്നവര്‍ ഇവര്‍ക്കും വെല്ലുവിളിയാണ്. ഇക്കാര്യങ്ങള്‍ കൂടി മനസ്സിലാക്കി വേണം ജാഗ്രത പാലിക്കാന്‍. പൊലീസ് രഹസ്യാന്വേഷണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതും അനിവാര്യമായ ഘടകമാണ്. സര്‍ക്കാര്‍ തന്നെ ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം നല്‍കേണ്ടതുണ്ട്.

Top