ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തില്‍ ഏപ്രില്‍ അഞ്ചിന് തമിഴ്‌നാട്ടില്‍ പ്രതിപക്ഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
ഡി.എം.കെ.യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, വി.സി.കെ, സി.പി.എം., സി.പി.ഐ., ഐ.യു.എം.എല്‍. തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്ന് വള്ളുവര്‍കോട്ടത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. കടകള്‍ അടപ്പിക്കുമെന്നും തീവണ്ടികളുള്‍പ്പെടെ വാഹനങ്ങള്‍ തടയുമെന്നും യോഗത്തിനുശേഷം ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ അറിയിച്ചു.
ഹര്‍ത്താലിന് എ.ഐ.എ.ഡി.എം.കെ. ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ടി.എന്‍.സി.സി. പ്രസിഡന്റ് എസ്. തിരുന്നാവക്കരശര്‍, വി.സി.കെ. പ്രസിഡന്റ് തിരുമാവളവന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി മുത്തരസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാവേരി പ്രശ്നത്തില്‍ ഡി.എം.കെ.യുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ഞായറാഴ്ച റോഡ് ഉപരോധിച്ചിരുന്നു. ഒട്ടേറെ ഡി.എം.കെ. പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാത്തതില്‍ പ്രതിഷേധിച്ച് 15-ന് ചെന്നൈയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ കരിങ്കൊടി കാട്ടുമെന്ന് എം.കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, ഡി.ജി.പി. ടി.കെ. രാജേന്ദ്രന്‍, അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍, ആഭ്യന്തര സെക്രട്ടറി നിരഞ്ജന്‍ മിറാഡി എന്നിവരുമായി ചര്‍ച്ച നടത്തി.