ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. 31 തമിഴ് സംഘടനകള്‍ സംയുക്തമായാണ് ബന്ദ് ആചരിക്കുന്നത്.
കര്‍ണാടകത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ക്കുനേരെ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് അക്രമം നടക്കുന്നതെന്നും കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് നല്‍കുന്ന 15000 ക്യൂ സിക്‌സ് അടി വെള്ളം 12000 ക്യൂ സിക്‌സ് അടിയായി കുറച്ചത് തിരിച്ചടിയായെന്നുമാണ് തമിഴ്‌നാട് സംഘടനകള്‍ ആരോപിക്കുന്നത്.
ബന്ദിനെ തുടര്‍ന്ന് കാവേരി മേഖലയില്‍ ജനജീവിതം സ്തംഭിപ്പിക്കുമെന്നാണു കണക്കാക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പച്ചക്കറികളുടെ നീക്കവും നിലയ്ക്കും. ഡിഎംകെ, പിഎംകെ, എംഡിഎംകെ, ഇടതുപാര്‍ട്ടികള്‍, വികെസി, ടിവികെ, ടിഎംസി തുടങ്ങിയവര്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലുള്ള കര്‍ണാടകക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു കത്തയച്ചു.
അതേസമയം കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.