കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ തമിഴ്‌നാട്ടിലെ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിലായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശം. തമിഴ്‌നാടിന്റെ സ്വന്തം ‘വിസില്‍ പോട്’ ടീം ചെപ്പോക്കിനെ മഞ്ഞയില്‍ ആറാടിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു അവര്‍.
എന്നാല്‍ ഈ ആവേശത്തിനും ആര്‍പ്പുവിളികള്‍ക്കും മാര്‍ച്ച് 29 വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. കാവേരി ജലവിനിമയ ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന അവസാന തിയതിയായിരുന്നു അത്. എന്‍ഡിഎ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാകാതെ ഭരണകക്ഷിയായ എഐഎഡിഎംകെയും നിസ്സഹായരാകുന്ന കാഴ്ചക്കാണ് തമിഴകം സാക്ഷിയായത്, പിന്നാലെ അണപൊട്ടിയൊഴുകുന്ന പ്രതിഷേധങ്ങള്‍ക്കും.
കര്‍ഷകരുടെ പ്രതിസന്ധിയും കാവേരി വിഷയവും ഉയര്‍ത്തിക്കാട്ടി വിവിധ സംഘടനകളും പ്രതിപക്ഷപാര്‍ട്ടികളും തെരുവിലിറങ്ങി. വിവിധയിടങ്ങളിലായി പലവിധത്തിലുള്ള പ്രതിഷേധപ്രകടനങ്ങളും സമരങ്ങളും നടന്നു. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് കേന്ദ്രം ഒരു ചെറുവിരല്‍ പോലും അനക്കിയില്ല.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലെ സല്‍മാന്‍ ഖാന്റെ വിധി വന്നതോടെ രാജ്യത്തിന്റെ ശ്രദ്ധ മാറുകയും ചെയ്തു. അതോടെയാകാം ഐപിഎല്ലിനെ പ്രതിഷേധത്തിന്റെ ഭാഗമാക്കാനുള്ള നീക്കം തുടങ്ങിയത്. ഒരാഴ്ച മുന്‍പ് വരെ ചെന്നൈ ടീമിനായി വിസില്‍ മുഴക്കിയവര്‍ ഇന്ന് ഐപിഎല്‍ ബഹിഷ്‌കരണത്തിനൊരുങ്ങുകയാണ്. കാവേരി കഴിഞ്ഞ് മതി ഐപിഎല്‍ എന്നാണ് പ്രതിഷേധക്കാരുടെ വാദം. ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കാനും ആവശ്യമുയര്‍ന്നിട്ടുണ്ട്. ചെന്നൈ ടീമിന്റെ ലോഗോയും പോസ്റ്ററുമെല്ലാം നശിപ്പിച്ച് അവിടെല്ലാം ‘വീ നീഡ് കാവേരി'(We Need Cauvery) എന്നെഴുതിയിരിക്കുന്നതും കാണാം.
ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്നാണ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ഐപിഎല്‍ സംഘാടകരോട് പറഞ്ഞത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നത് വരെ ആരാധകരോട് ഐപിഎല്‍ ബഹിഷ്‌കരിക്കാനാണ് എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരന്റെ ആഹ്വാനം. ഐപിഎല്‍ കളിക്കാനുള്ള സമയമിതല്ലെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനീകാന്ത് പ്രതികരിച്ചത്. ഒപ്പം ചെന്നൈ ടീമംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങാനും ആഹ്വാനമുണ്ട്.
ഈ സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റിനും ധോണിയുള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ക്കും മേല്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. കാവേരി വിഷയത്തെ അവഗണിച്ചുകൊണ്ട് ടീമിന് ഈയവസരത്തില്‍ മുന്നോട്ട് പോകാനാകില്ല. കര്‍ഷകര്‍ക്കും തമിഴ് മക്കള്‍ക്കും പിന്തുണയറിയിച്ചുകൊണ്ടേ താരങ്ങള്‍ക്ക് ഗ്രൗണ്ടിലിറങ്ങാനാകൂ.
ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്‍ ബഹിഷ്‌കരിക്കില്ലെന്ന് തന്നെ കരുതാം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ചിദംബരം സ്റ്റേഡിയവും മാത്രമല്ല. ഐപിഎല്ലിനെയും വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈയെയും ബഹിഷ്‌കരിച്ചുകൊണ്ടുള്ള പ്രതിഷേധമല്ല ഇവിടെ ഉയരേണ്ടത്. യഥാര്‍ഥ പ്രതിഷേധം ഉയരേണ്ടത് ഗാലറിയിലാണ്. എല്ലാ മത്സരങ്ങളും കണ്ടുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ നിഷ്‌ക്രിയ നിലപാടിനെതിരെ പ്രതിഷേധിക്കാം. ധോണിക്കും സംഘത്തിനും ആര്‍പ്പുവിളിക്കുന്നതിന് പകരം കറുത്ത ബാഡ്ജുകളും പ്ലക്കാര്‍ഡുകളും ഗാലറിയില്‍ നിറയട്ടെ. സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനുകളിലൂടെ ഒരു ജനതയുടെ പ്രതിഷേധം ലോകമറിയട്ടെ.
ക്രിക്കറ്റ് പോലൊരു കായിക ഇനത്തിന് രാഷ്ട്രീയമാനങ്ങളില്ലെന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ ജലം പോലും രാഷ്ട്രീയവത്ക്കരിക്കപ്പെടുന്ന ഇക്കാലത്ത് അത്തരമൊരു വാദത്തിനെന്ത് പ്രസക്തി?
എക്കാലത്തും ക്രിക്കറ്റ് ആരാധകരാണ് തമിഴ്‌നാട്ടിലെ ഭൂരിഭാഗവും. ഐപിഎല്ലില്‍ സ്വന്തമായി ഒരു ടീമെന്ന തമിഴിന്റെ സ്വപ്നമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. തമിഴ്‌നാട്ടിലെ ഒരു നഗരത്തിന്റെ പേരുള്ള, ഒരു സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ടീമിന് കാവേരി പോലൊരു വലിയ വിഷയത്തെ അഡ്രസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?
ഇതാദ്യമായല്ല ജലപ്രതിസന്ധി ഐപിഎല്‍ മത്സരങ്ങളെ ബാധിക്കുന്നത്. 2016ല്‍ ലാത്തൂരിലെ ജലപ്രതിസന്ധി മൂലം മഹാരാഷ്ട്രയില്‍ നടത്താനിരുന്ന നിരവധി മത്സരങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ നിലപാടും ഐപിഎല്ലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. എന്നാല്‍ ഒരു കായികയിനത്തിനുപരി ക്രിക്കറ്റ് ഒരു വികാരമാണ്. അതിനാല്‍ ആരാധകരോടുള്ള പ്രതിബന്ധത തെളിയിക്കാന്‍, കൂടെയുണ്ടെന്നറിയിക്കാന്‍ ചെന്നൈ ടീമംഗങ്ങള്‍ക്കും മാനേജ്‌മെന്റിനും ഇതിലും നല്ലൊരു അവസരം വരാനില്ല.
റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍