ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കര്‍ണാടകയില്‍ റെയില്‍ ബന്ദ്. കന്നഡ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി വരുംവരെ സമരം നടത്താനാണ് തീരുമാനം.
തിങ്കളാഴ്ച തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന അത്തിബലയില്‍ റോഡ് ഉപരോധിക്കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനങ്ങളെ കര്‍ണാടകത്തിലേക്ക് കയറ്റിവിടില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. കാവേരി സംയുക്ത സമരസമിതിയാണ് നിലപാട് അറിയിച്ചത്.
കാവേരി വിഷയത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി നടത്തുന്ന റെയില്‍ ഉപരോധം സമാധാനപരമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റോഡ് ഗതാഗതത്തെ പ്രതിഷേധം ബാധിക്കാന്‍ ഇടയില്ല.
സംഘര്‍ഷം ഒഴിവാക്കാന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് കര്‍ണാടക റെയില്‍വെ പോലീസ് അറിയിച്ചു. പ്രതിഷേധംമൂലം തീവണ്ടികള്‍ വൈകാന്‍ ഇടയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വെ അധികൃതരും അറിയിച്ചു.
തമിഴ്‌നാടിന് വെളളം വിട്ടുനല്‍കാനാവില്ലെന്നുളള കര്‍ണാടകയുടെ അപേക്ഷ കോടതി തളളിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധവും അക്രമവുമാണ് കര്‍ണാടകയില്‍ അരങ്ങേറിയത്. തമിഴ്‌നാട്ടില്‍ നാളെ കടയടപ്പുസമരം നടത്താനും വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.