കാവേരി പ്രശ്‌നം: മാനേജ്‌മെന്റ് ബോര്‍ഡോ അതോറിറ്റിയോ രൂപീകരിക്കാമെന്ന് കേന്ദ്രം

kaveri issue

ന്യൂഡല്‍ഹി: കാവേരി നദീജല പ്രശ്‌നം പരിഹരിക്കുന്നതിന് കാവേരി മാനേജ്‌മെന്റ് ബോര്‍ഡോ അതോറിറ്റിയോ രൂപീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ ഏത് വേണമെന്ന കാര്യം കോടതിക്ക് തീരുമാനിക്കാമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു.വിദഗ്ദ്ധരായവരെ ഉള്‍പ്പെടുത്തിയായിരിക്കും സമിതി രൂപീകരിക്കുക. ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.

കാവേരി ബോര്‍ഡില്‍ കേരളം, കര്‍ണാടക,തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സമയം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തെ തുടര്‍ന്ന് കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

1956ലെ അന്തര്‍സംസ്ഥാന നദീജല കരാറിലെ 6(എ) വകുപ്പ് പ്രകാരം നദീജലം പങ്കിടാന്‍ പദ്ധതി തയ്യാറാക്കണമെന്ന ഫെബ്രുവരി 16ലെ അന്തിമ ഉത്തരവിലെ നിര്‍ദ്ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാടും പുതുച്ചേരിയും സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Top