ചെന്നൈ: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാനുള്ള സുപ്രിം കോടതി വിധിയില്‍ പ്രതികരണവുമായി കമല്‍ഹാസന്‍. വിഷയത്തില്‍ തമിഴ്‌നാടും കര്‍ണാടകവും യോജിപ്പിലെത്തണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.
നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണം. കോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണ്. തമിഴ്‌നാടിന് കിട്ടുന്നത് കുറച്ചു ജലമാണെന്നും അത് സൂക്ഷിക്കാനുള്ള വഴി സര്‍ക്കാര്‍ കണ്ടെത്തണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
കര്‍ണാടകത്തിന് അധികജലം നല്‍കാന് വിധിച്ച സുപ്രിംകോടതി തമിഴ്‌നാടിന്റെ നിലവിലെ വിഹിതം വെട്ടിക്കുറച്ചത് തമിഴ്‌നാടിന് തിരിച്ചടിയായിരുന്നു. സര്‍ക്കാരിന് പറ്റിയ വീഴ്ച കാരണമാണ് വെള്ളത്തില്‍ കുറവ് വരുത്താന്‍ കോടതി തീരുമാനിച്ചതെന്നായിരുന്നു ഡിഎംകെ നേതാവ് സ്റ്റാലിന്റെ പ്രതികരണം.
20 വര്‍ഷമായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അനുകൂലമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം നല്‍കണമെന്നാണ് കോടതിയുടെ സുപ്രധാന വിധി. അധിക ജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി.
2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. 192 ടി.എം.സി. അടി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്നായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്ത് തമിഴ്‌നാടിനുള്ള പങ്ക് 177.25 ആയി കുറക്കുകയായിരുന്നു സുപ്രീംകോടതി.