ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രതിഷേധം കത്തിപ്പടരുന്നു.
ബഗളുരുവില്‍ തമിഴ്‌നാട് ലോറികള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. പുതുച്ചേരിയില്‍ കര്‍ണാടക ബാങ്കിന് നേരെയും തമിഴ്‌നാട്ടിലെ കര്‍ണാടക ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ ബാങ്കിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബഗംളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ റദ്ദാക്കി. പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടര്‍ന്ന് ബംഗളൂരു-മൈസൂര്‍ റോഡ് അടച്ചു. ഒരു സ്‌കാനിയയും അഞ്ച് വോള്‍വോയുമടക്കം 27 കെഎസ്ആര്‍ടിസി ബസ്സുകള്‍ ബഗംളൂരുവില്‍ കുടുങ്ങി കിടക്കുകയാണ്. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാത്രം സര്‍വീസ് ആരംഭിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി എംഡി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഓണം അവധി ആഘോഷിക്കാന്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറായി നിന്ന മലയാളികള്‍ ഇതോടെ ദുരിതത്തിലായി.
കര്‍ണാടകയില്‍ നിന്നും സേലം വഴി കേരളത്തിലേക്കുള്ള ബസ്സ് സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ബെഗംളൂരിലേക്കുള്ള ബസ്സ് സര്‍വീസുകളും നിര്‍ത്തിവെച്ചു. മതിയായ സുരക്ഷയില്ലെങ്കില്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ പാലക്കാടോ സുല്‍ത്താന്‍ ബത്തേരിയിലോ യാത്ര അവസാനിപ്പിച്ചേക്കും.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബെംഗളൂരു മെട്രോ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നഗരത്തിലെ സ്‌കൂളുകളും അടച്ചു. കനത്ത സുരക്ഷയിലാണ് ബെംഗളൂരു നഗരം.
ഹോട്ടലുകളുടെ ജനല്‍ചില്ലുകളും വാതിലുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. പെട്രോള്‍ ബോംബ് എറിഞ്ഞതായും ആരോപണമുണ്ട്. കര്‍ണാടകയില്‍ തമിഴ്‌നാട്ടുകാര്‍ക്ക് നേരെ അക്രമം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ചെറുപത്രികകളും അക്രമികള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കി. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബസ്സുകള്‍ അടക്കം കര്‍ണാടകയില്‍ നിന്നുമുള്ള അഞ്ച് ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നേരെ രാമേശ്വരത്ത് ആക്രമണമുണ്ടായി.
തമിഴ്‌നാട്ടിലെ കന്നഡക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു.
കാവേരിയില്‍ നിന്നും തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തു കര്‍ണാടകം വീണ്ടും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും വിജയിച്ചില്ല. ഹര്‍ജി തള്ളിയ കോടതി എത്രയും വേഗം വെള്ളം നല്‍കണമെന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. എന്നാല്‍ ആദ്യ വിധിയില്‍ കോടതി ഭേദഗതി വരുത്തിയിട്ടുണ്ട്. തമിഴ്‌നാടിനു വിട്ടു നല്‍കണമെന്നു പറഞ്ഞ വെള്ളത്തിന്റെ അളവ് 15,000 ഘനയടിയില്‍ നിന്നു 12,000 ഘനയടിയാക്കി കുറച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.