മുള്ളന്‍ പന്നിയെ പിടിക്കാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. ബാളിഗെയിലെ രമേശാണ് ശ്വാസംമുട്ടി മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ഗുഹയില്‍ കുടുങ്ങിയത്.

വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രമേശും അയല്‍വാസികളായ നാലുപേരും സ്ഥലത്തെത്തുകയായിരുന്നു. കൂടെയുള്ളവരെ പുറത്ത് നിര്‍ത്തി രമേശ് ഗുഹക്കുള്ളിലേക്ക് കയറി. എന്നാല്‍ ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങുകയായിരുന്നു.

തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Top