ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലന്ന് സിബിസിഐ

Jalandhar Bishop Franco Mulakkal

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലന്ന് സിബിസിഐ. പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ബിഷപ്പ് സ്ഥാനവുമായി ബന്ധപ്പെട്ട് സഭാ അധികാരികള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സിബിസിഐ അറിയിച്ചു.

സിബിസിഐയുടെ മൗനത്തെ ഏതെങ്കിലും പക്ഷത്തിനൊപ്പമെന്ന് വ്യാഖ്യാനിക്കാനാവില്ല. ബോംബെ അതിരൂപത വക്താവ് നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണ്. ബിഷപ്പിനെതിരായ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ദു:ഖമുണ്ടെന്നും സിബിസിഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ഭരണചുമതല കൈമാറിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയത്. വത്തിക്കാനില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബിഷപ്പിന്റെ നീക്കമെന്നും സൂചനയുണ്ട്. ഫാ.മാത്യു കോക്കണ്ടമാണ് രൂപതയുടെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിന് പിന്നാലെയാണ് ചുമതല കൈമാറിയത്. കുറ്റാരോപിതനായ ബിഷപ് ചുമതലകളില്‍ തുടരുന്നതില്‍ വത്തിക്കാനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.

Top