ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജി വെച്ചു. ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നിരീക്ഷക സമിതി മാറ്റിയതിന് പിന്നാലെയാണ് രാജി വെച്ചത്. ഫയര്‍ സര്‍വ്വീസ് ഡിജിയായുള്ള നിയമനം ഏറ്റെടുക്കില്ലെന്ന് അലോക് വര്‍മ്മ പറഞ്ഞു.
അതേസമയം, അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകള്‍ റദ്ദാക്കിയിരുന്നു. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവാണ് ഉത്തരവുകള്‍ റദ്ദാക്കിയത്.
സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ഇന്നലെ രാത്രി തന്നെ ചുമതലയേറ്റെന്നാണ് സിബിഐ അറിയിച്ചത്.
അലോക് വര്‍മ്മയെ മാറ്റുവാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാഗേശ്വര റാവുവിനെ നിയമിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. നേരത്തെ അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തിരുന്നു.
10 ആരോപണങ്ങളാണ് അലോക് വര്‍മയ്‌ക്കെതിരെ പ്രധാനമായും ഉള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ നാല് ആരോപണങ്ങളും ശരിയല്ലെന്നാണ്. എന്നാല്‍ രണ്ട് ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി വേണമെന്നും നാല് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.