ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ്മയെ മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. നടപടി ഏകപക്ഷീയമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഡയറക്ടറെ മാറ്റുന്ന കാര്യത്തില്‍ അധികാരപ്പെട്ട സമിതിയുടെ ഒരു യോഗം പോലും ചേരാതെയാണ് ആദ്യം വര്‍മ്മയെ മാറ്റിയതെന്നും പിന്നീട് സുപ്രീംകോടതി വിധി എത്തിയതിനു ശഷം സമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും ആവശ്യമായ രേഖകളൊന്നും പരിശോധിച്ച ശേഷമായിരുന്നില്ല ഈ നടപടിയെന്നും ഖാര്‍ഗെ പറഞ്ഞു.
സിവിസി റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നടപടിയെടുത്തതെന്നും ജസ്റ്റീസ് പട്‌നായികിന്റെ റിപ്പോര്‍ട്ട് പോലും പരിശോധിക്കാന്‍ സമിതിയിലെ മറ്റ് അംഗങ്ങള്‍ തയറായില്ലെന്നും ഖാര്‍ഗെ വെളിപ്പെടുത്തി.