പാലക്കാട്: വാളയാർ സഹോദരിമാരുടെ മരണം അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചതായി സിബിഐ. കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. പാലക്കാട് പോക്‌സോ കോടതിയെ സിബിഐ അഭിഭാഷകൻ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
അടുത്തയാഴ്ച തന്നെ അന്വേഷണസംഘം ചുമതല ഏറ്റെടുക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. നേരത്തെ അന്വേഷിച്ചിരുന്നതിന്റെ തുടർച്ചയായിട്ടാണോ, ആദ്യം മുതലുള്ള അന്വേഷണമാകുമോ നടത്തുക എന്ന കാര്യം സിബിഐ വ്യക്തമാക്കിയിട്ടില്ല. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സിബിഐക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
കേസിൽ സിബിഐ നേരത്തെ അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിവെക്കുന്ന കുറ്റപത്രമാണ് സിബിഐയും നൽകിയത്. എന്നാൽ അപൂർണമാണെന്നും, കൂടുതൽ അന്വേഷണം വേണമെന്നും നിർദേശിച്ച് കുറ്റപത്രം കോടതി മടക്കുകയായിരുന്നു. ഇതോടൊപ്പമാണ് പുതിയ അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശം നൽകിയത്.
പെൺകുട്ടികളുടെ മരണം ദുരൂഹമാണെന്നും, ഇരുവരുടേയും കൊലപാതകമാണെന്നും പെൺകുട്ടികളുടെ അമ്മയും സമരസമിതിയും ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അപ്പുറത്തേക്ക് വിശദമായ അന്വേഷണത്തിന് നേരത്തെ അന്വേഷിച്ച സിബിഐ സംഘവും തുനിഞ്ഞില്ല. കുട്ടികളുടെ മരണത്തിന്റെ ദുരൂഹത പൂർണമായും വെളിച്ചത്തു കൊണ്ടുവരണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.